Saturday, April 13, 2013

സ്ത്രീ,പുരുഷന്‍,രതി



ഒരു പുരുഷനായി ജനിച്ചതിന്റെ പ്രാരാബ്ധം മിക്കപ്പോഴും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനം എവിടെപ്പോകുംമ്പോഴും കൂടെ കൊണ്ട് നടക്കേണ്ടി വരുന്ന ഈ 'മെയില്‍ ഓര്‍ഗന്‍' ആണ്.  സ്ത്രീക്കെതിരെ പുരുഷന്‍ എപ്പോഴും ഒരു ആയുധം കയ്യില്‍ സൂക്ഷിക്കുന്നത് പോലെയാണത് .  ബോധമില്ലാത്ത ആണുങ്ങളുടെ കയ്യില്‍ ഈ ആയുധം ഏറ്റവും മാരകമായി തീരുന്നു..  പ്രശസ്ത ഓസ്ട്രിയന്‍ കവിയായ റില്കെ  ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ആധുനികത പുരുഷനെയും സ്ത്രീയെയും പൂര്‍ണമായും വെര്‌തിരിക്കുമെന്നു.  ഇന്ന് ദല്‍ഹിയിലെ പെണ്‍കുട്ടി മരിച്ചു.  പുരുഷനും സ്ത്രീയും പൂര്‍ണമായും വേര്‍തിരിക്കപ്പെട്ടത്‌ പോലെ തോന്നുന്നു.  ഫ്രഞ്ച് സിനിമയിലെ തെമ്മാടിയായ സംവിധായകന്‍ ജീന്‍ ലുക്  ഗൊദാര്‌ദിന്റെ  പ്രശസ്ത്രമായ ഒരു സിനിമയുണ്ട്. breathless .1960 ല്‍ ഇറങ്ങിയ ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രമാണത്. അതിലെ  നായകനായ മൈക്കേല്‍ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രമാണ്. അയാള്‍ ഒരു പെ റ്റീ  ക്രിമിനല്‍ ആണ്.. നീ വില്ല്യം ഫോക്നര്‍ എന്ന  എഴുത്തുകാരനെ കുറിച്ചു കേട്ടിട്ടുണ്ടോ എന്ന് കാമുകി ചോദിക്കുമ്പോള്‍ നിന്റെ മേലുടുപ്പുകള്‍ അഴിക്കൂ എന്നാണു അയാളുടെ മറുപടി.. പുസ്തകങ്ങളേക്കാള്‍ പുരുഷന് താല്‍പ്പര്യം സ്ത്രീ ശരീരങ്ങളാണ്.  കാരണം അയാള്‍ എപ്പോഴും ഉപദേശിക്കപ്പെടുന്നത് പുസ്തകങ്ങള്‍ വായിക്കാനും സ്ത്രീകളെ ഉപേക്ഷിക്കാനുമാണ്.

എല്ലാ പുരുഷനും ഒരു വില്ലന്‍ ഛായയുണ്ട്. ഒരു അതിക്രമത്തില്‍ അയാള്‍ എപ്പോഴും തല്പ്പരനാണ്.  അത് ഒരു സ്ത്രീ ശരീരത്തില്‍ പ്രയോഗിക്കാന്‍  അയാള്‍ ആഗ്രഹിക്കുന്നു.  കാരണം സ്ത്രീ ശരീരം പലപ്പോഴും ദുര്‍ബലവും സുന്ദരവുമാണ്.  സൌന്ദര്യം പുരുഷനെ പ്രകോപിപ്പിക്കുന്നത് എന്ത് എന്ന് മനസ്സിലാവുന്നില്ല. വില്ലന്‍ സ്വഭാവമുള്ള ഗൊദാര്‌ദിന്റെ  നായകന്‍ കാമുകിയുടെ ശരീരത്തോടുള്ള ഇഛ ആവര്‌ത്തിച്ചു പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍   ഒരു രാത്രി മുഴുവന്‍ ഒരുമിച്ചു ഒരേ കിടക്കയില്‍ കഴിച്ചു കൂട്ടുമ്പോഴും ഒരു ബലപ്രയോഗത്തിലൂടെ അതു സാധിക്കാന്‍  അയാള്‍  തയ്യാറാകുന്നില്ല. ഒരു നല്ല വില്ലനാകാന്‍ പോലും കഴിയാത്തവരാണ് ഇന്ത്യയിലെ മിക്കവാറും പുരുഷന്മാര്‍...,   .നമുക്ക് ഒരു കിടക്കയില്‍ തന്നെ കിട്ടണമെന്നില്ല.   ആള്‍ക്കൂട്ടമോ ഓടുന്ന വാഹനമോ ഒക്കെ അതിനു മതിയാകും.  എല്ലാം കഴിഞ്ഞു ഒരു പ്രതിഷേധ പ്രകടനം കൂടിയാകുമ്പോള്‍ നമുക്ക് തൃപ്തിയായി. വൈയക്തിക രതിയും സാമൂഹിക രതിയും ഒരുമിച്ചു സാഫല്യമാടയുന്നു.  പ്രകടനങ്ങള്‍ ബാലാല്സംഗത്തിനു പ്രതിവിധിയല്ല.   അത് പലപ്പോഴും ഒരു പരസ്യത്തിന്റെ ഗുണമാണ് ചെയ്യുന്നത്.  പ്രായോഗിക മാര്‍ഗങ്ങള്‍ സ്ത്രീകള്‍ തന്നെ അന്വേഷിക്കുകയാവും നല്ലത്.  നമ്മുടെ പ്രശ്നങ്ങള്‍ മറ്റാരെങ്കിലും പരിഹരിക്കുമെന്ന് കരുതുന്നത് ബുദ്ധിയല്ലല്ലോ.  ഇനി അധികം ആണ്‍കുട്ടികളെ പ്രസവിക്കാതിരിക്കുക ഒരു നല്ല മാര്‍ഗമാണെന്ന് തോന്നുന്നു.. പെണ്‍കുട്ടികളുടെ നിലവിളികള്‍ തെരുവില്‍ മുഴങ്ങാതിരിക്കാന്‍ വേറെന്തു വഴിയാണുള്ളത്.

അവസാനത്തെ ചോദ്യം
-----------------
അടച്ചിട്ട തീവണ്ടി മുറികളും വിജനമായ തെരുവുകളും ചെറുപ്പക്കാരായ  ആണുങ്ങള്‍ക്ക് അപകടകരമാകുന്ന  കാലം വരുമോ എന്നെങ്കിലും?  ഇരുട്ടിയിട്ടും വീട്ടില്‍  തിരിച്ചെത്താത്ത മകനെ കുറിച്ചു ആശങ്കപ്പെടുന്ന അമ്മമാരുണ്ടാവുമോ?  എന്നെങ്കിലും തെരുവില്‍ ഹതാശരായ ആണ്‍കുട്ടികളുടെ നിലവിളികള്‍ ഉയരുമോ?  കാലം ഇനി കാതോര്‍ക്കുന്നത് ആരുടെ നിലവിളികള്‍ക്കായിരിക്കും? ....